.

Started by mohammed Thuppilikkat on Thursday, January 7, 2010

സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ മൂന്നു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. ബസ് ഉടമകളുമായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ അനിശ്ചിതകാല സമരം നടത്തിയത്. സമരം നിര്‍ത്തിയശേഷം മതി നിരക്ക് വര്‍ദ്ധനയെന്ന് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ഇന്ന് നിര്‍ദ്ദേശിച്ചിരുന്നു.

നിരക്കുവര്‍ദ്ധന സംബന്ധിച്ച വിഷയം ഇടതുമുന്നണിയും മന്ത്രിസഭാ ഉപസമിതിയും ഇന്ന് ചര്‍ച്ച ചെയ്തിരുന്നു. ഇതിനുശേഷം മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ ധാരണ ആകാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ബസ് ഉടമകളുമായി വീണ്ടും ചര്‍ച്ച നടത്തിയത്. കോടതിയുടെ പരാമര്‍ശത്തിന്റെ വെളിച്ചത്തിലാണ് സമരം പിന്‍വലിക്കാന്‍ ഉടമകള്‍ തീരുമാനിച്ചതെന്ന് സൂചനയുണ്ട്.

ബസ് ഉടമകളും മന്ത്രിസഭാ ഉപസമിതി അംഗങ്ങളും തമ്മില്‍ പിന്നീട് വീണ്ടും ചര്‍ച്ച നടത്തും. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചതെന്ന് ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

ബസ് സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇന്ന് ഇതുസംബന്ധിച്ച പരാമര്‍ശം നടത്തിയത്. സമരത്തിന് എതിരായ ഹര്‍ജികള്‍ സമരം തുടരുന്ന എല്ലാദിവസും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എസ്മ പ്രയോഗിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് ഹര്‍ജി പരിഗണിക്കവെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സമരത്തെ ശക്തമായി നേരിടാന്‍ ഗാതഗതമന്ത്രി ജോസ് തെറ്റയിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ആയിരത്തിലേറെ സ്വകാര്യ ബസ്സുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സമരം പിന്‍വലിക്കാത്തപക്ഷം ബസ്സുകള്‍ പിടിച്ചെടുത്ത് സര്‍വ്വീസ് നടത്തുമെന്ന് സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.

Create a free account or login to participate in this discussion