വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍

Started by mohammed Thuppilikkat on Thursday, February 11, 2010

Participants:

2/11/2010 at 3:26 AM

ഭക്ഷ്യോത്പന്നങ്ങളുടെ വില ഓരോ ആഴ്ചയും കുതിച്ചുയരുകയാണ്. ഭരണകക്ഷിയും പ്രതിപക്ഷവുമെല്ലാം വിലക്കയറ്റത്തെക്കുറിച്ച് പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നു. എന്തു ഫലം? വില കുറയുന്നില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി കേന്ദ്രസര്‍ക്കാര്‍ ചില ഹ്രസ്വകാല നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ കുറച്ചു നാള്‍ കൊണ്ടൊന്നും തീരുന്നതല്ല ഈ പ്രശ്‌നം.

പൊതു ഭക്ഷ്യവസ്തുക്കളുടെ വില സൂചിക രണ്ട് വര്‍ഷം മുമ്പ് ഉയര്‍ന്നുതുടങ്ങിയതാണ്. ചില വസ്തുക്കളുടെ വില അതിനും മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു. ഭക്ഷ്യവിലക്കയറ്റത്തിന്റെ തീവ്രത കുറഞ്ഞു വരികയാണെന്നും ഉടന്‍ തന്നെ വിലയില്‍ സ്ഥിരത കൈവരുമെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ എങ്ങനെയാണെന്ന് പറയുന്നില്ല.

1998-ലും ഇപ്പോഴത്തേതിന് സമാനമായ വിലക്കയറ്റം നാം കണ്ടതാണ്. ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദനം കൂടുന്നതോടെ വില കുറയുമെന്നാണ് അന്നത്തെ വിലക്കയറ്റത്തിന് ശേഷം നാം കണ്ടത്. എന്നാല്‍ ഉത്പാദനം ഉയര്‍ത്താനുള്ള നടപടികള്‍ യഥാസമയം സ്വീകരിക്കേണ്ടതുണ്ട്. അതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ ആവശ്യമാണ്.

കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ ന്യായീകരിക്കുന്നത്. വായ്പാലഭ്യത ഉയര്‍ത്തിയെന്നു കരുതി പ്രശ്‌നങ്ങള്‍ തീരുമെന്ന് കരുതുന്നില്ലെന്ന് പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ അഭിപ്രായപ്പെടുന്നു.

അന്താരാഷ്ട്ര വിലകള്‍ ഇന്ത്യയിലെ വിലയെക്കാള്‍ കൂടുതലായതിനാല്‍ ഇറക്കുമതിയും ഫലപ്രദമല്ല. ഇറക്കുമതി ചെയ്താല്‍ തന്നെ സര്‍ക്കാര്‍ സബ്‌സിഡി ആവശ്യമായിവരും.
പൂഴ്ത്തിവയ്പ്പും കൊള്ളലാഭവും തടയേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നാണ് കേന്ദ്ര കൃഷിവകുപ്പു മന്ത്രിയുടെ പക്ഷം.

എന്തുകൊണ്ടാണ് അവശ്യസാധനങ്ങള്‍ വില കുതിച്ചുയരുന്നത്? വിലക്കയറ്റത്തിന്റെ ഗുണഫലം കര്‍ഷകര്‍ക്ക് കിട്ടുന്നുണ്ടോ? സര്‍ക്കാര്‍ എന്തുകൊണ്ട് നിസ്സഹായരാകുന്നു? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീളുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച വിലക്കയറ്റത്തിന് മുഖ്യകാരണങ്ങളിലൊന്നു തന്നെയാണ്. എന്നാല്‍ പൂര്‍ണമായും ഇതല്ല കാരണം. വരള്‍ച്ച ശരിക്കും അനുഭവപ്പെട്ടത് 2009 ജൂലായിലാണ്. എന്നാല്‍ ഇതിന്റെ ശരിക്കുള്ള പ്രത്യാഘാതം നാല് മാസമെങ്കിലും കഴിഞ്ഞേ ദൃശ്യമാകൂ. അതായത് ഒക്ടോബറോടെ വിപണിയില്‍ ലഭ്യത കുറയുന്നതോടെ മാത്രമേ ദൗര്‍ലഭ്യം അനുഭവപ്പെടൂ. അങ്ങനെയാണെങ്കില്‍ ഒക്ടോബറിന് ശേഷമേ വിലക്കയറ്റം ഉണ്ടാകേണ്ടതുള്ളൂ. എന്നാല്‍ 2008ന്റെ തുടക്കം മുതല്‍ തന്നെ ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ്, പഞ്ചസാര എന്നിവയുടെ വില വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

ഉത്പാദനം ഉയരുന്നതിനിടയിലും

ഉത്പാദനം ഉയരുന്നതോടെ വില കുറയുമെന്ന തത്വത്തിന് വിരുദ്ധമാണ് അരിയുടെ ഇപ്പോഴത്തെ വില നിലവാരം! 2007ലെ മികച്ച വിളവിന് ശേഷവും 2008ല്‍ വില കുതിച്ചുയര്‍ന്നു. ഓരോ വര്‍ഷവും സര്‍ക്കാര്‍ നിശ്ചയിക്കുന്ന തറവിലയാണോ ഇതിന് കാരണം?

പൊതു വിപണിയില്‍ വില ഉയരുന്നതിന് ആനുപാതികമായി കര്‍ഷകന് വില ലഭിക്കുന്നുണ്ടോ? രണ്ട് വര്‍ഷം കൊണ്ട് കിലോയ്ക്ക് ഏഴ് രൂപ കൂടിയപ്പോള്‍ ഏതാണ്ട് മൂന്ന് രൂപ മാത്രമാണ് കര്‍ഷകന് കൂടുതലായി ലഭിച്ചത്. കര്‍ഷകന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ തുക (അതായത് നാല് രൂപ) എങ്ങോട്ട് 'ഒലിച്ചുപോകുന്നു'? മില്ല്, സംഭരണം, ഗതാഗതം, നികുതി, വിവിധ ഘട്ടങ്ങളിലെ വ്യാപാരികള്‍ക്കുള്ള (മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍) കമ്മീഷന്‍ എന്നീ ഇനങ്ങളിലെ ചെലവാണ് ഇതെന്ന് വ്യക്തം. ഇത് രണ്ട് വര്‍ഷം കൊണ്ട് 80 ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം 75 ശതമാനം വര്‍ധന.

ഇന്ധനവില 2008ല്‍ കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ വര്‍ഷാന്തത്തോടെ അത് 2007ലെ അവസാനത്തെ നിലയിലെത്തി. മൊത്ത വില സൂചിക 2008ല്‍ ആറ് ശതമാനം മാത്രമാണ് ഉയര്‍ന്നത്. എന്നിട്ടും സര്‍ക്കാരിനോ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കോ പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. 2008ല്‍ അരിയുടെ അന്താരാഷ്ട്ര വില അസാധാരണമായ നിലയില്‍ കുതിച്ചുയര്‍ന്നപ്പോള്‍ കയറ്റുമതി ഉയരുമെന്ന പ്രതീക്ഷയില്‍ അരി പൂഴ്ത്തിവച്ചതാകാം ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണമെന്നു ചില കൂട്ടര്‍ വിശദീകരിക്കുന്നു.
2008 ജനവരിക്കും മെയ് മാസത്തിനുമിടയില്‍ അരിയുടെ അന്താരാഷ്ട്ര വില ഇരട്ടിയിലധികമായി ഉയര്‍ന്നിരുന്നു.

2008ല്‍ സര്‍ക്കാര്‍ അരി കയറ്റുമതി നിരോധിക്കുന്നതിന് മുമ്പ് 2007ലും 2008ലുമായി ഏതാണ്ട് ഒരു കോടി ടണ്‍ അരിയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. മണ്‍സൂണ്‍ (മഴ) ചതിച്ചതോടെ 'വിലക്കയറ്റ പ്രതീക്ഷ'യില്‍ 2009 പകുതിയോടെ വീണ്ടും വില ഉയര്‍ന്നു.

കൈക്കുന്ന യാഥാര്‍ഥ്യം

കേന്ദ്ര സര്‍ക്കാര്‍ എല്ലാവര്‍ഷവും കരിമ്പിന് തറവില നിശ്ചയിക്കാറുണ്ട്. ഉത്തര്‍പ്രദേശ് പോലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ചില സംസ്ഥാനങ്ങള്‍ പഞ്ചസാര മില്ലുകള്‍ നല്‍കേണ്ട വിലയ്ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ക്വിന്റല്‍ കരിമ്പില്‍ നിന്ന് 9 കിലോ പഞ്ചസാര ഉത്പാദിപ്പിക്കാനാകുമെന്ന അനുമാനത്തില്‍ ക്വിറ്റലിന് 130 രൂപയാണ് - കിലോയ്ക്ക് 14.45 രൂപ - യുപി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. 2007ല്‍ കരിമ്പ് ഉത്പാദനം വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ആ സമയത്ത് സര്‍ക്കാര്‍ നിശ്ചയിച്ച തറവില നല്‍കാന്‍ മാത്രമേ മില്ലുടമകള്‍ തയ്യാറായുള്ളൂ. യുപി സര്‍ക്കാര്‍ നിശ്ചയിച്ച ഉയര്‍ന്ന തറവില നല്‍കാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല. എന്നാല്‍ അതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഉത്പാദനം നന്നായി കുറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്ന പരിധിയെക്കാള്‍ ഒരുപാട് ഉയര്‍ന്ന വിലയ്ക്കാണ് മില്ലുടമകള്‍ കരിമ്പ് വാങ്ങുന്നത്.

വില ഇത്ര ഉയര്‍ന്നിട്ടും കര്‍ഷകര്‍ക്ക് അതിന്റെ ഗുണം കിട്ടുന്നില്ല. രണ്ട് വര്‍ഷം കൊണ്ട് കിലോയ്ക്ക് 22 രൂപ വര്‍ധിച്ചപ്പോള്‍, ഇതില്‍ 10.55 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ബാക്കി 11.45 രൂപ മില്ലുടമകള്‍ക്കും മൊത്തവ്യാപാരികള്‍ക്കും റീട്ടെയിലര്‍മാര്‍ക്കുമായി വീതിച്ചുപോകുന്നു.

പഞ്ചസാരയുടെ കാര്യത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധി സര്‍ക്കാര്‍ തന്നെ വരുത്തിവച്ചതാണ്. 2006-07, 2007-08 വര്‍ഷങ്ങളിലെ റെക്കോഡ് ഉത്പാദനത്തെ തുടര്‍ന്ന് പഞ്ചസാര കയറ്റുമതി അനുവദിച്ചു. തുടക്കത്തില്‍ ഇന്ത്യന്‍ വിലയെക്കാള്‍ കൂടുതലായിരുന്നു അന്താരാഷ്ട്ര വിപണികളിലെ വില. അതിനാല്‍ തന്നെ വ്യാപാരികളും കയറ്റുമതിക്കാരും മികച്ച ലാഭം കൊയ്തു. നികുതിയില്‍ ഇളവ് നല്‍കിയും സബ്‌സിഡികള്‍ അനുവദിച്ചും സര്‍ക്കാര്‍ കയറ്റുമതി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 2006 മുതല്‍ 2008 വരെ മൂന്ന് വര്‍ഷം കൊണ്ട് 95 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. എന്നാല്‍ 2008-09ല്‍ ഉത്പാദനം കുറഞ്ഞതോടെ പ്രതിസന്ധി തുടങ്ങി. 2009-10ലും ഉത്പാദനത്തിലെ കുറവ് നികത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ട് വര്‍ഷമായി സര്‍ക്കാര്‍ പഞ്ചസാര ഇറക്കുമതി ചെയ്യുകയാണ്. അതും, നേരത്തെ കയറ്റുമതി ചെയ്തതിനെക്കാള്‍ ഇരട്ടി വിലയ്ക്ക്. വില കുറയുമ്പോള്‍ കയറ്റുമതി ചെയ്യുകയും വില ഉയരുമ്പോള്‍ ഇറക്കുമതി ചെയ്യുകയും.... ഇതാണ് നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ പഞ്ചസാരയുടെ കാര്യത്തില്‍ കണ്ടത്.

നയങ്ങള്‍ മാറണം

വരള്‍ച്ചയോ ഉയര്‍ന്ന ചെലവോ അല്ല മറിച്ച് ശരിയായ വിതരണം നടക്കാത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യക്തമായിരിക്കുകയാണ്. വിതരണ സംവിധാനം മെച്ചപ്പെടുത്തണമെങ്കില്‍ സര്‍ക്കാര്‍ ബുദ്ധിപൂര്‍വമായ നിലപാടെടുക്കണം. കൊള്ളലാഭവും പൂഴ്ത്തിവയ്പ്പും തടയാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങണം. ഉത്പാദനം കൂടുമ്പോള്‍ കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതിന് പകരം പ്രതിസന്ധിഘട്ടത്തിലേക്കായി കരുതിവെയ്ക്കണം. ഇതിനായി ഉന്നത നിലവാരത്തിലുള്ള സംഭരണശാലകള്‍ നിര്‍മിക്കണം.

Create a free account or login to participate in this discussion