ഒരു മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 15നു ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ് എന്ന നിലയിലാണു വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ് ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.
