ഉപഭോക്താവാണ് വിപണിയിലെ രാജാവ്. .

Started by mohammed Thuppilikkat on Saturday, February 13, 2010
2/13/2010 at 12:09 AM

എല്ലാകാര്യങ്ങളും വിപണിയെ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്ന കാലമാണിത്. വ്യക്തികളും സമൂഹവുമെല്ലാം മുമ്പെന്നത്തേക്കാളും അധികം കമ്പോളത്തെ ആശ്രയിക്കുന്നു.വാങ്ങാനുള്ള ചോദന അത്യാവശ്യത്തില്‍ നിന്ന് ആവശ്യത്തിലേക്കും അതില്‍ നിന്ന് ദിനചര്യയിലേക്കും മാറിയിരിക്കുന്നു.

ഉപഭോക്തൃസംസ്‌കാരത്തിന്റെ ഈ നീരാളിപ്പിടുത്തം ഇത്ര രൂക്ഷമാവുന്നതിനുമുമ്പു തന്നെ ഉപഭോക്തൃസംരക്ഷണ നിയമം നമ്മുടെ നാട്ടില്‍ നിലവിലുണ്ട്.അതിന്റെ അടിസ്ഥാനത്തില്‍ 604 ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറങ്ങളും 34 സംസ്ഥാനതല കമ്മീഷനുകളും ഒരു ദേശീയ കമ്മീഷനും നിലവിലുണ്ട്.

ഇത്രയൊക്കെ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും, വിപണിയില്‍ വഞ്ചിതരാകുന്ന സാഹചര്യത്തില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്? വ്യവഹാരങ്ങളോടുള്ള ഭയമോ ഉപഭോക്തൃസംരക്ഷണ നിയമത്തെക്കുറിച്ചുള്ള അജ്ഞതയോ ആളുകളെ സ്വന്തം അവകാശം നേടിയെടുക്കുന്നതില്‍ നിന്ന് അകറ്റുന്നു.

ഉപഭോക്തൃ സംരക്ഷണനിയമം

1986 -ലാണ് ഇന്ത്യയില്‍ ഉപഭോക്തൃ സംരക്ഷണനിയമം നിലവില്‍ വരുന്നത്.വിപണിയുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെ നിലവില്‍ വന്ന നിയമത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ ഉപഭോക്താവിന് പരാതികള്‍ പരിഹരിച്ചുകിട്ടാനുള്ള വ്യവസ്ഥകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

തുച്ഛമായ ചിലവില്‍ പരാതി സമര്‍പ്പിക്കാനും സ്വയം തന്നെ തന്റ പരാതി ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തിനു മുന്നില്‍ അവതരിപ്പിക്കാനും നിയമം പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നു.(വന്‍കിട കമ്പനികള്‍ പ്രഗത്ഭനായ അഭിഭാഷകനെ കൊണ്ടുവന്ന് കേസ് വാദിക്കുമ്പോള്‍ സ്വയം കേസ് വാദിച്ചാല്‍ അവസ്ഥയെന്താകും എന്നത് മറ്റൊരു വിഷയം).

അര്‍ധ ജൂഡീഷ്യല്‍ സംവിധാനത്തിലുള്ള ഫോറത്തില്‍ ഒരു വനിതയടക്കം മൂന്ന്് ന്യായാധിപരുണ്ടായിരിക്കുമെന്നതും പൊതുവേ നിയമത്തിന്റെ ചായ്‌വ് ഉപഭോക്താവിന് അലുകൂലമാണെന്നതും പരാതിക്കാരന് ആശ്വാസം നല്‍കുന്നതാണ്.

ആരാണ് ഉപഭോക്താവ്

പ്രതിഫലം നല്‍കിയോ നല്‍കാമെന്ന വാഗ്ദാനത്താലോ, അഥവാ ഭാഗികമായി നല്‍കിയോ അങ്ങനെ നല്‍കാമെന്ന വ്യവസ്ഥയിലോ, പ്രതിഫലം നല്‍കാന്‍ അവധിയ്ക്കു വയ്ക്കുന്ന വ്യവസ്ഥയിലോ സാധനം/സേവനം വാങ്ങുന്നവര്‍ നിയമപ്രകാരം ഉപഭോക്താവ് എന്ന നിര്‍വ്വചനത്തില്‍ പെടുന്നു. (എന്നാല്‍ മറിച്ചു വില്പ്പനയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ ഈ നിര്‍വചനത്തില്‍ പെടില്ല).

ചുരുക്കത്തില്‍ നിത്യജീവിതത്തില്‍ നമ്മളെല്ലാവരും മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഉപഭോക്താക്കള്‍ തന്നെ. എന്നാല്‍ മാന്യമായ സേവനം ലഭിക്കുന്നതു മുതല്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ നമ്മുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോ?

വിറ്റ സാധനം മടക്കിയെടുക്കില്ലെന്ന നിയമപ്രാബല്യമില്ലാത്ത മുന്നറിയിപ്പ് മുതല്‍ തിരഞ്ഞെടുക്കാന്‍ അവകാശമില്ലെന്ന നിയമവിരുദ്ധമായ സൂചനകള്‍ വരെ സഹിച്ചാണ് മിക്കപ്പോഴും നാമെല്ലാവരും സാധനങ്ങള്‍ വാങ്ങുന്നത്. ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നത് വൈകാന്‍ പാടില്ലെന്നും അല്ലാത്തപക്ഷം അന്യായമായി നാം നേരിടേണ്ടി വരുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന്് നമുക്ക് അവകാശമുണ്ടെന്നും എത്രപേര്‍ക്ക് അറിയാം. (സമാനമായ കേസില്‍ ഡല്‍ഹി സംസ്ഥാന ഉപഭോക്തൃകമ്മീഷന്‍ (അപ്പീല്‍ നമ്പര്‍ എഫ്.എ-9/871 ല്‍) ഹോട്ടലുടമയ്ക്ക് ജില്ലാഫോറം വിധിച്ച 40,000രൂപയുടെ നഷ്ടപരിഹാരം ശരിവെയ്ക്കുകയുണ്ടായി)

ഉപഭോക്താവിന്റെ അവകാശങ്ങള്‍

നമ്മില്‍ പലര്‍ക്കുമറിയില്ലെങ്കിലും ഉപഭോക്താവിന് ചില അവകാശങ്ങളുണ്ട്. ഉപഭോക്തൃ തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ദര്‍ശനരേഖയായി നില്‍ക്കുന്നത് ഇവയാണ്.

സുരക്ഷയ്ക്കുള്ള അവകാശം: ജീവനും സ്വത്തിനും ഹാനികരമായ വസ്തുക്കളും സേവനങ്ങളും വാങ്ങാതിരിക്കാനും ഒഴിവാക്കാനുമുള്ള അവകാശമാണിത്. താത്കാലികാവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമല്ല, ദീര്‍ഘകാല താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവ കൂടിയായിരിക്കണം ഉല്‍പ്പന്നങ്ങളെന്ന്് ഉപഭോക്താവിന് നിര്‍ബന്ധം പിടിക്കാം.

സാധനങ്ങളുടെ പൂര്‍ണവിവരമറിയാനുള്ള അവകാശം: വസ്തുക്കളുടെ ഗുണം, ശുദ്ധി, അളവ്, വില തുടങ്ങിയവ ഉപഭോക്താവിനെ അറിയിച്ചിരിക്കണം. വാങ്ങുന്നതിനുമുന്‍പ് ഇവയറിഞ്ഞ് ആവശ്യമുള്ളവ തിരഞ്ഞെടുക്കാനുള്ള അവകാശം നമുക്കുണ്ട്.

തിരഞ്ഞെടുക്കാനുള്ള അവകാശം: വ്യത്യസ്ത ഇനത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വിലയറിഞ്ഞ് തിരഞ്ഞെടുക്കാനുള്ള അവകാശമാണിത്.

പരാതി കേള്‍പ്പിക്കാനുള്ള അവകാശം: ഉപഭോക്താവിന്റെ പരാതികള്‍ അധികാരപരിധിയിലുള്ള നിയമാനുസൃതസ്ഥാപനങ്ങള്‍ കേള്‍ക്കേണ്ടതാണ്. ഉപഭോക്തൃ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ഇക്കാര്യത്തില്‍ ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണം.

പ്രശ്‌ന പരിഹാരത്തിനുള്ള അവകാശം: തെറ്റായ വ്യപാരശീലങ്ങള്‍ക്കെതിരെയും വിപണിയിലെ വഞ്ചനയ്‌ക്കെതിരെയും ഉപഭോക്താവ് പരാതിപ്പെടുമ്പോള്‍ അത് പരിഹരിച്ചുനല്‍കാനുള്ള ചുമതല ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുണ്ട്. ഉപഭോക്താവ് അത് ഉപയോഗപ്പെടുത്തുകയും വേണം.

ഉപഭോക്തൃവിദ്യാഭ്യാസം: തങ്ങളുടെ അവകാശത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഉപഭോക്താവിനെ ചൂഷണത്തിന് ഇരയാക്കുന്നത്. ഇതിനെതിരെ ബോധവത്കരിക്കാനും അറിവ് പകര്‍ന്നുകൊടുക്കാനുമുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

വിപണിയില്‍ വഞ്ചിക്കപ്പെടുമ്പോഴും ഉപഭോക്താക്കള്‍ നിയമത്തിന്റെ വഴിതേടാതിരിക്കുന്നത് വ്യവഹാരത്തിന്റെ നൂലാമാലകള്‍ ഭയന്നാണ്. എന്നാല്‍ മറ്റ് വ്യവഹാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേരിട്ട് ഹാജരാകാതെ ഏജന്റിനെയോ അഭിഭാഷകനെയോ ഏര്‍പ്പെടുത്തി കേസിന്റെ ഭൂരിഭാഗവും നടത്താമെന്ന് നിയമം വ്യവസ്ഥചെയ്യുന്നു.

കൂടാതെ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉപഭോക്താവിന് അനുകൂലമാണെന്ന മെച്ചവുമണ്ട്. ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം ഒരു തര്‍ക്കം ഉപഭോക്്തൃ നിയമത്തില്‍ പെടുമോ ഇല്ലയോ എന്നുള്ള തീര്‍ച്ചയില്ലായ്മയാണ്. ഉദാഹരണത്തിന് വാറന്റി കാലാവധി കഴിഞ്ഞെന്നാലും നിര്‍മാണത്തിലെ അപാകം കൊണ്ട് കേടായ ഒരു ഇലക്ട്രോണിക് ഉപകരണം നന്നാക്കി കിട്ടാന്‍ നമുക്ക് അവകാശമുേേണ്ടാ എന്നറിയാത്തവര്‍ ഏറെയാണ്. ഉണ്ട് എന്നാണ് ഉത്തരം.

അതുപോലെ നമ്മുടെ പേരില്‍ വാങ്ങിയ വാഹനത്തിന് ലോണ്‍ എടുത്തു എന്ന കാരണം കൊണ്ട്് തിരിച്ചടവ് മുടങ്ങുമ്പോഴേക്കും അത് പിടിച്ചുകൊണ്ടുപോകാന്‍ ഫിനാന്‍സ് കമ്പനിക്ക് അധികാരമുണ്ടോ? ഇത് അന്യായമാണെന്ന് മാരുതി ഫിനാന്‍സിനെതിരായ കേസില്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം വ്യക്തമാക്കിയിട്ടുണ്ട്്.

അവകാശങ്ങളോടൊപ്പം ഉപഭോക്താവ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിയമം ഓര്‍മിപ്പിക്കുന്നു. ഉദാഹരണമായി ഇന്‍ഷൂര്‍ ചെയ്ത വാഹനം സുരക്ഷിതമായി (വീട്ടിലെങ്കിലും) സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം കിട്ടില്ലെന്ന് ബജാജ് അലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ ഉപഭോക്താവ് നല്‍കിയ പരാതിയില്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം വിധിയെഴുതി.

എന്നാല്‍ ഉപഭോക്തൃ തര്‍ക്കങ്ങള്‍ സംബന്ധിച്ച വിധികള്‍ വിശദമായെടുത്താല്‍ നിയമത്തിന്റെ ഉദ്ദേശം ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാകയാല്‍, തീരുമാനങ്ങള്‍ മിക്കപ്പോഴും ഉപഭോക്താക്കള്‍ക്ക് അനുകൂലം തന്നെയാണ്. ഈ സാധ്യത ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ ബോധവത്കരിക്കേണ്ടത് ആവശ്യമാണ്.

ദൗര്‍ഭാഗ്യവശാല്‍, ഓരോ വര്‍ഷം കഴിയുന്തോറും നിയമത്തിന്റെ സാധ്യത കൂടുതല്‍ ഉപയോഗപ്പെടുത്തേതിന് പകരം അലസതയാര്‍ന്ന സമീപനമാണ് ഉപഭോക്താക്കളും ബന്ധപ്പെട്ട സംഘടനകളും കാണിക്കുന്നത്. വിപണിയിലെ ചൂഷണം വ്യപകമാകാനേ ഈ മനോഭാവം ഉപകരിക്കൂ.

Create a free account or login to participate in this discussion