ജൈവവൈവിധ്യം സംരക്ഷിക്കൂ

Started by mohammed Thuppilikkat on Wednesday, January 6, 2010

Participants:

1/6/2010 at 8:02 AM

പ്രകൃതി വിഭവങ്ങള്‍ക്ക് അതിരുകളില്ലെന്ന് നമുക്കൊരു ധാരണയുണ്ട്. പ്രകൃതി കനിഞ്ഞേകിയ ജീവനോപാധികള്‍ക്കും ജൈവ വൈവിധ്യങ്ങള്‍ക്കും കണക്കില്ലെന്ന് നമ്മള്‍ വിചാരിച്ചു. അതൊക്കെ സ്വാഭാവികമായും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണെന്നായിരുന്നു വിശ്വാസവും. പക്ഷേ, ഭൂമിയില്‍ ജീവനെ താങ്ങി നിര്‍ത്തുന്ന ജൈവ വൈവിധ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നശിച്ചു പോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാന്‍ വൈകിപ്പോയെന്നു മാത്രം.

ഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നല്‍കുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവ വൈവിധ്യം. കോടാനുകോടി വര്‍ഷങ്ങളില്‍ സംഭവിച്ച മാറ്റങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യ സ്വാധീനത്തിന്റെയും ഫലമാണ് ഇന്ന് കാണുന്ന ജൈവ വൈവിധ്യത്തിനു പിന്നില്‍. നാം ഉള്‍പ്പെടുന്ന ജീവന്റെ ശൃംഖലയാണ് അത് രൂപപ്പെടുത്തുന്നത്. മനുഷ്യനും സസ്യജാലങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളുമൊക്കെ ഉള്‍പ്പെടുന്നതാണ് ഈ ശൃംഖല. 1.75 ദശലക്ഷം ഇനം ജീവികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ തിരിച്ചറിയാത്ത പതിന്മടങ്ങ് ജീവികളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

മൂന്നര കോടി വര്‍ഷത്തെ വിപ്ലകരമായ ചരിത്രത്തിന്റെ പരിണതിയാണ് ഇന്ന് ഭൂമിയില്‍ കാണുന്ന ജീവിതത്തിന്റെ ഈ ചിത്രകമ്പളം. ഇപ്പോള്‍ മനുഷ്യന്റെ കൈകടത്തലില്‍ അതിന് കാതലായ മാറ്റം വന്നിരിക്കുന്നു. പതിനായിരം വര്‍ഷം മുമ്പുണ്ടായ കാര്‍ഷിക വിപ്ലവവും മൂന്ന് നൂറ്റാണ്ട് മുമ്പ് മാത്രമുണ്ടായ വ്യാവസായിക വിപ്ലവവും ഭൂപ്രകൃതിയില്‍ വമ്പിച്ച രൂപമാറ്റമുണ്ടാക്കി. ശിലായുധങ്ങള്‍ കൊണ്ട് മരം മുറിച്ചിരുന്ന മനുഷ്യന്‍ ഭൂമിയുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിന് മലകള്‍ തന്നെ ഖനനം ചെയ്യാന്‍ തുടങ്ങി. സാങ്കേതിക വിദ്യ വികസിച്ചപ്പോള്‍ അമിതമായ വിളവെടുപ്പുകള്‍ക്ക് ഒരു നിയന്ത്രണവുമില്ലാതായി.

പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യന്‍. വന്‍ മരങ്ങള്‍ മുതല്‍ സൂക്ഷ്മജീവികള്‍ വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനില്പ്. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ നിലനില്പ് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനുമാകുന്നത്് മനുഷ്യനുമാത്രമാണ.് പുല്‍മേടുകള്‍ നശിപ്പിക്കുന്നതും വനവിഭവങ്ങള്‍ വന്‍തോതില്‍ ചൂഷണംചെയ്യുന്നതും വനങ്ങള്‍ തോട്ടങ്ങളായി മാറ്റുന്നതും വനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമൊക്കെ സസ്യസമ്പത്തിന് കടുത്ത ഭീഷണിയാണ്.

പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നതുമൂലം സമൃദ്ധമായ ഭക്ഷ്യവിഭവങ്ങളും മികച്ച പാര്‍പ്പിടങ്ങളും ആരോഗ്യ ശുചീകരണ സംവിധാനങ്ങളുമുണ്ടായി. പക്ഷേ, ഈ നേട്ടങ്ങള്‍ വര്‍ധിച്ച പാരിസ്ഥിതിക തകര്‍ച്ചയുണ്ടാക്കുന്നുവെന്ന് നാം മറന്നു. പ്രാദേശിക സമ്പദ് വ്യവസ്ഥകളിലും ഇത് തകര്‍ച്ചയുണ്ടാക്കുന്നു.

1999 ല്‍ ലോക ജനസംഖ്യ 600 കോടിയിലെത്തി. അടുത്ത 50 വര്‍ഷത്തിനിടെ 900 കോടി ജനങ്ങള്‍ക്കുള്ള ജീവിത വിഭവങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്ന് യു.എന്‍. വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1950 മുതല്‍ പ്രകൃതി വിഭവങ്ങള്‍ക്കുള്ള ഉപഭോഗം എക്കാലത്തേക്കാളും വലിയ തോതിലാണ് വര്‍ധിക്കുന്നത്. ലോക ജനസംഖ്യ ഇക്കാലത്തിനിടെ ഇരട്ടിയായി. ആഗോള സമ്പദ് രംഗം അഞ്ചിരട്ടി മെച്ചപ്പെട്ടു. പക്ഷേ, ഗുണഫലം തുല്യമായി വിതരണം ചെയ്യപ്പെടാതെ ഏതാനും വ്യാവസായിക രാജ്യങ്ങളില്‍ മാത്രമൊതുങ്ങി.

അതേസമയം, നമ്മുടെ അധിവാസ ക്രമത്തിലുണ്ടായ മാറ്റം, പരിസ്ഥിതിയുമായുള്ള ബന്ധത്തിലും മാറ്റം വരുത്തി. ലോക ജനസംഖ്യയുടെ പകുതിയോളം പട്ടണങ്ങളിലും മഹാനഗരങ്ങളിലുമാണ് ജീവിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും പ്രകൃതി അവരുടെ നിത്യജീവിതത്തില്‍ നിന്ന് വളരെ ദൂരത്താണ്.

ജൈവവൈവിധ്യം, സംസ്‌കാരങ്ങള്‍ പടുത്തുയര്‍ത്തിയ സ്തംഭങ്ങള്‍ തന്നെയാണ്. ഈ വൈവിധ്യം നശിച്ചാല്‍ അത് ഭക്ഷ്യ വിതരണത്തിനും വിനോദാവസരങ്ങള്‍ക്കും ഔഷധങ്ങള്‍ക്കും ഊര്‍ജത്തിനും ഇന്ധനത്തിനുമൊക്കെ ഭീഷണിയാകും. അനിവാര്യമായ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാനും ജൈവ വൈവിധ്യങ്ങളുടെ തകര്‍ച്ച കാരണമാകും.

പ്രകൃതിയുടെ കണക്കിനേക്കാള്‍ 50 ഉം 100 ഉം ഇരട്ടിയായാണ് സസ്യ, ജന്തുജാലങ്ങള്‍ ഭൂമുഖത്തു നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്്. 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്. ലോകത്ത് പക്ഷികളുടെ എണ്ണത്തില്‍ എട്ടിലൊന്ന് കുറവുണ്ടാകുന്നതായും പഠനങ്ങള്‍ പറയുന്നു.

അടുക്കളത്തോട്ടവും വീട്ടുമൃഗങ്ങളും അപ്രത്യക്ഷമാകുന്നു. കര്‍ഷകരുടെ താത്പര്യവും പ്രത്യേക വിളകളില്‍ മാത്രമൊതുങ്ങുന്നു. കാടുകളാണ് ജൈവവൈവിധ്യത്തിന്റെ അറിയപ്പെടുന്ന സങ്കേതം. പക്ഷേ, ഭൂമിയിലെ നാല്‍പ്പത്തഞ്ചു ശതമാനം കാടുകളും അപ്രത്യക്ഷമായി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയാണ് ഇത്രയും വനനാശമുണ്ടായത്. പവിഴപ്പുറ്റുകളുടെയും ചതുപ്പു നിലങ്ങളുടെയും ഗണ്യമായ തിരോധാനവും പ്രശ്‌നമുണ്ടാക്കുന്നു.

ആഗോള താപനവും ജൈവ വൈവിധ്യങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാണ്. ഓസോണ്‍ പാളിയുടെ വിള്ളല്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ എളുപ്പം ഭൗമോപരിതലത്തില്‍ എത്തിക്കും. ഇത് ജീവ കോശങ്ങള്‍ക്ക് ഭീഷണിയാണ്. ഇപ്പോള്‍ത്തന്നെ ആഗോള താപനം അധിവാസ കേന്ദ്രങ്ങളെയും ജീവജാലങ്ങളുടെ ജീവിതക്രമത്തെയും ബാധിച്ചിട്ടുണ്ട്. ശരാശരി താപനില ഒരു ഡിഗ്രി തോതില്‍ വര്‍ധിച്ചാല്‍ പോലും പല ജീവജാലങ്ങളും നാശം നേരിടുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഭക്ഷ്യോത്പാദന സംവിധാനവും തകരാറിലാകും.
കുടുംബങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളും വരാനിരിക്കുന്ന തലമുറകളും ആശ്രയിക്കുന്ന ജീവന്റെ പ്രഭവ കേന്ദ്രമാണ് ജൈവ വൈവിധ്യം. ജീവന്റെ ശൃംഖലയാണ് അത്.

അതേപോലെ, ജൈവ അധിനിവേശവും ജൈവവൈവിധ്യത്തിന് ഭീഷണിയാണ്. അന്യജീവജാലങ്ങള്‍ ഒരു പ്രദേശത്ത് കടന്നുകൂടി പെറ്റുപെരുകി പ്രാദേശീക സസ്യജന്തുജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായിത്തീരുന്നതിനെയാണ് ജൈവ അധിനിവേശം എന്നു പറയുന്നത്. ലോകം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്‌നങ്ങളിലൊന്നായി ജൈവ അധിനിവേശത്തെ കാണുന്നു. ജനസംഖ്യാവര്‍ധനയും രാജ്യാന്തരയാത്രകളും ആഗോളവ്യാപാരവും വിനോദസഞ്ചാരവും അധിനിവേശ ജീവജാതികളെ കൂടുതല്‍ ദൂരത്തേക്ക് വളരെ പെട്ടെന്ന് വ്യാപിപ്പിക്കാന്‍ സഹായിക്കുന്നു.

ആഗോളതലത്തില്‍ ഈ ജീവജാതികള്‍ വരുത്തുന്ന വിളനാശം, കാടിനും പരിസ്ഥിതിക്കും വരുത്തുന്ന നാശവും ഇവയെ നിയന്ത്രിക്കാന്‍ വരുന്ന ചെലവും അധിനിവേശ രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കുമുണ്ടാകുന്ന നാശവുമെല്ലാം കൂട്ടിയാല്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുന്നു എന്നാണ് കണക്ക്. ഈ പശ്ചാത്തലം മുന്‍ നിര്‍ത്തിയാണ് 2009ലെ ജൈവവൈവിധ്യ ദിനത്തിന്റെ സന്ദേശം 'ജൈവവൈവിധ്യവും അധിനിവേശം നടത്തുന്ന അന്യജീവജാതികളും' എന്ന് യു എന്‍ നിശ്ചയിച്ചത്.

പല അധിനിവേശ ജീവജാതികളും നമുക്കുചുറ്റും പടരാന്‍ കാരണമായിത്തീര്‍ന്നത് നമ്മള്‍ തന്നെയാണ്. ഒരു ചെടി വളര്‍ത്തുമ്പോള്‍ അതു പടര്‍ന്നു പിടിച്ചാല്‍ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് നമ്മളറിഞ്ഞില്ല. അധിനിവേശ ജീവജാതികളുടെ അനിയന്ത്രിതമായ കടന്നുകയറ്റം തദ്ദേശീയ ജൈവ വൈവിധ്യത്തെയും കൃഷിയെയും മത്സ്യബന്ധനത്തെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്നു. ഇത് രാജ്യത്തിന്റെ ത്വര വികസനത്തെ സാരമായി ബാധിക്കുന്നു.

ആഗോളീകരണത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടെയും ഇക്കാലത്ത് ജൈവ വൈവിധ്യ ശോഷണം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. ഈ മേഖലയുടെ അമിതോപഭോഗം കുറയ്ക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് സുപ്രധാനമായ ഒരു നടപടി. പ്രകൃതി വിഭവങ്ങളുടെ നശീകരണ പ്രവണത അതിജീവിക്കാന്‍ കൂട്ടായ മാര്‍ഗങ്ങള്‍ തേടുന്നതിന് ബോധവത്കരണം കരുത്തു പകരും. ഭൂമിയുടെ ശോഭനമായ ഭാവിക്ക് അത്തരം നടപടികള്‍ കൂടിയേ മതിയാവൂ. ലക്ഷ്യബോധത്തോടെയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന നാശം നമ്മുടെ അറിവിനും ബുദ്ധിക്കും അപ്പുറത്തായിരിക്കും.

യു.എന്‍. ജനറല്‍ അസംബ്ലിയുടെ രണ്ടാംകമ്മിറ്റി 1993 മുതലാണ് അന്താരാഷ്ട്ര ജൈവവൈവിധ്യദിനം ആചരിക്കാന്‍ തീരുമാനിച്ചത്. എല്ലാവര്‍ഷവും മെയ് 22 നാണ് ജൈവവൈവിധ്യ ദിനം ആചരിച്ചു വരുന്നത്. 2010 ലെ ജൈവവൈവിധ്യ ദിന സന്ദേശം 'വികസനത്തിന് ജൈവവൈവിധ്യം' എന്നതാണ്. 2006ല്‍ യു.എന്‍ പൊതുസഭയുടെ അറുപത്തൊന്നാമത് സമ്മേളനത്തിലാണ് 2010 ജൈവവൈവിധ്യ വര്‍ഷമായി ആചരിക്കാനുള്ള തീരുമാനമെടുത്തത്. ആഗോള വ്യാപകമായി ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യത്തെയും അതിന്റെ നഷ്ടം വരുത്തുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷം ലക്ഷ്യമിടുന്നത്്. പരിപാടികളുടെ നടത്തിപ്പില്‍ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കും. ഈ വര്‍ഷം അവസാനിക്കുന്നതോടെ ജൈവ വൈവിധ്യത്തിലുണ്ടാകുന്ന നഷ്ടത്തിന്റെ തോത് ഗണ്യമായി കുറച്ചു കൊണ്ടു വരുന്നതിന് പ്രത്യേക ലക്ഷ്യമിടുന്നു.

'ജൈവ വൈവിധ്യം ജീവനാണ്, ജൈവ വൈവിധ്യം തന്നെയാണ് ഭാവി' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജൈവ വൈവിധ്യ വര്‍ഷം ആചരിക്കുന്നത്. ഈ വൈവിധ്യം സംരക്ഷിക്കാന്‍ ഓരോരുത്തരുടെ ഭാഗത്തുനിന്ന് പരിശ്രമമുണ്ടാകണം. പാരിസ്ഥിതിക സന്തുലിതത്വം നിലനിര്‍ത്തി ഭൂമിയുടെ ഭാവി ശോഭനമാക്കാന്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ആഗോള സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കും.

നമുക്ക് ആരോഗ്യവും സമ്പത്തും ഭക്ഷണവും ഇന്ധനവും ഉള്‍പ്പെടെ നമ്മുടെ ജീവിതത്തിന്റെ നിലനില്പിന് ആശ്രയമായതെല്ലാം തരുന്ന ജീവ ശൃംഖലയും സംവിധാനവും നിലനിര്‍ത്താന്‍ ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.

Create a free account or login to participate in this discussion