.

Started by mohammed Thuppilikkat on Wednesday, January 13, 2010
1/13/2010 at 7:56 AM

2009 രൂക്ഷമായ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ വര്‍ഷമായിരുന്നു. മുപ്പതുകളിലെ വന്‍ തകര്‍ച്ചയ്ക്കുശേഷമുണ്ടായ ഏറ്റവും രൂക്ഷമായ മാന്ദ്യം. 2009 ല്‍ ലോക സമ്പദ്‌വ്യവസ്ഥ 1.4 ശതമാനത്തോളം സങ്കോചിച്ചു എന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. അമേരിക്കയിലും യൂറോപ്യന്‍ യൂണിയന്‍ മേഖലയിലും തൊഴിലില്ലായ്മ 10 ശതമാനത്തിലധികമാണ്. ഈസമയത്ത് ആസ്തിവിലകള്‍ കുറയുകയാണ് പതിവ്. എന്നാല്‍ മിക്ക ആസ്തിവിലകളും വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. 2008 അവസാന പാദത്തില്‍ ആസ്തിവിലകളില്‍ വന്‍തകര്‍ച്ചയാണുണ്ടായത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2009 അവസാനിക്കുമ്പോഴുള്ള വിലകള്‍ ഏറെ ഉയര്‍ന്നതാണ്.

2009 ലെ സ്വര്‍ണവിലയിലെ കുതിപ്പ് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. പലപ്പോഴും തലക്കെട്ടുകളായി. അന്തര്‍ദേശീയ വിപണിയിലും ആഭ്യന്തരവിപണിയിലും സ്വര്‍ണവില സര്‍വകാല റെക്കോഡ് ആയി. വിവാഹങ്ങളില്‍ സ്വര്‍ണത്തിന്റെ അനിവാര്യത (?) കണക്കിലെടുക്കുമ്പോള്‍ മാതാപിതാക്കളില്‍ ഏറെ ആശങ്കയുളവാക്കുന്നതാണ് ഈ കുതിപ്പ്. 2010 ലും സ്വര്‍ണവിലയിലെ കുതിപ്പ് തുടരുമോ?

നേരത്തേ സൂചിപ്പിച്ചപോലെ 2009 ആസ്തിവിലക്കയറ്റത്തിന്റെ (asset price inflation)വര്‍ഷമായിരുന്നു. സ്വര്‍ണ വിലയിലുണ്ടായ വര്‍ധനയെക്കാള്‍ ഉയര്‍ന്നവര്‍ധനയാണ് മിക്ക ആസ്തിവിലകളിലുമുണ്ടായത്. മറ്റ് ലോഹങ്ങളിലും ഓഹരിപോലുള്ള ആസ്തികളിലും ഉണ്ടായ വര്‍ധനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കുറവ് വര്‍ധനയുണ്ടായത് സ്വര്‍ണവിലയിലാണ്. (പട്ടിക കാണുക. 2009 ജനവരി മുതല്‍ ഡിസംബര്‍ ആദ്യവാരം വരെയുള്ള വര്‍ധനയാണ് പട്ടികയില്‍ കൊടുത്തിരിക്കുന്നത്)

2009ല്‍ ഏറ്റവും കുറവ് വിലവര്‍ധനയുണ്ടായ ലോഹമാണ് സ്വര്‍ണം. എങ്കിലും, 2009 ല്‍ സ്വര്‍ണവില സര്‍വകാല റെക്കോഡായി എന്നതും മറ്റ് ലോഹങ്ങളുടെ വിലകള്‍ 2007 ലെ ഉയര്‍ന്ന വിലകള്‍ക്ക് താഴെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഓഹരിപോലുള്ള മറ്റ് ആസ്തികളുടെ മൂല്യവര്‍ധന പരിശോധിക്കുമ്പോഴും സ്വര്‍ണവിലയുമായുള്ള ഈ അന്തരം പ്രകടമാണ്. 2009 മാര്‍ച്ചില്‍ 8160 വരെയെത്തിയ മുംബൈ ഓഹരി സൂചിക വര്‍ഷാന്ത്യത്തില്‍ ഇരട്ടിയിലധികം വര്‍ധിച്ച് 17,000 ന് മുകളിലാണ്. അമേരിക്കയിലെ ഏറ്റവും പ്രാതിനിധ്യസ്വഭാവമുള്ള S&P 500 സൂചിക 2009 മാര്‍ച്ചില്‍ 666 വരെ താണത് ഇപ്പോള്‍ 1100ന് മുകളിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ ആസ്തിവിലവര്‍ധനയില്‍ സ്വര്‍ണം ഏറെ പിന്നിലാണ്.

ആസ്തിവിലകളിലുണ്ടായിട്ടുള്ള ഈവര്‍ധന ഒരുആഗോള പ്രതിഭാസമാണ്. ആഗോളവല്‍കൃതമായ ഇന്നത്തെ ലോകത്ത് വ്യാപാരം ചെയ്യപ്പെടുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലകള്‍ അന്തര്‍ദേശീയമായി നിര്‍ണയിക്കപ്പെടുന്നു. എന്നാല്‍ എല്ലാ ആസ്തികളുടെയും വിലകളില്‍ ഈ ആഗോളപ്രവണത കാണാനാവില്ല.

അമേരിക്കയിലും ദുബായിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ വിലത്തകര്‍ച്ചയുണ്ടായിട്ടുണ്ട്. മറ്റ് പല രാജ്യങ്ങളിലും റിയല്‍ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലാണെങ്കിലും കാര്യമായ വിലയിടിവുണ്ടായിട്ടില്ല. ചൈനയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കുതിപ്പ് 2009 ലും തുടര്‍ന്നു.

ഈ ആസ്തിവിലക്കയറ്റത്തിന്റെ കാരണങ്ങള്‍ എന്താണ്? ചെമ്പിന്റെയും നാകത്തിന്റെയും വിലകളിലുണ്ടാവുന്ന വ്യതിയാനങ്ങളില്‍ സാധാരണക്കാരന് താത്പര്യമുണ്ടാവില്ല. എന്നാല്‍ സ്വര്‍ണത്തിന്റെ കാര്യം അതല്ലല്ലോ. അതുകൊണ്ട് സ്വര്‍ണത്തിന്റെ കാര്യം പരിശോധിക്കാം.

സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ചില സ്ഥിരം സാമ്പത്തിക ഘടകങ്ങളുണ്ട്: വിലക്കയറ്റം, ഡോളറിന്റെ മൂല്യം, ക്രൂഡ് ഓയില്‍ വില എന്നിവ. വിലക്കയറ്റക്കാലത്ത് സ്വര്‍ണത്തിന്റെ ആവശ്യം കൂടുകയും വിലവര്‍ധിക്കുകയും ചെയ്യുന്നത് സാധാരണമാണ്. വിലക്കയറ്റത്തിനുള്ള ഒരു തട എന്ന നിലയ്ക്ക് സ്വര്‍ണനിക്ഷേപം നടക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വിലക്കയറ്റത്തിന്റെ ഫലമായി പണത്തിന്റെ ക്രയശേഷിയും മൂല്യവും കുറയുമ്പോള്‍ ആസ്തിമൂല്യം പിടിച്ചുനിര്‍ത്താനാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്.

അതുപോലെ, ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുമ്പോഴും സ്വര്‍ണവില വര്‍ധിക്കാറുണ്ട്. ക്രൂഡ് ഓയില്‍ വില വര്‍ധനയുടെ ഫലമായി സംഭവിക്കുന്ന ചെലവ് വര്‍ധിത വിലക്കയറ്റ (Cost Push Inflation)ത്തിന് തടയിടാനായി കൂടുതല്‍ സ്വര്‍ണം വാങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

സ്വര്‍ണവിലയെ സ്വാധീനിക്കുന്ന സുപ്രധാനമായൊരു ഘടകമാണ് ഡോളറിന്റെ മൂല്യം. ഡോളറില്‍ വിലരേഖപ്പെടുത്തിയിട്ടുള്ള അമേരിക്കന്‍ ബോണ്ടുകളിലും ട്രഷറി ബില്ലുകളിലും ലോകത്തിലെ മിക്ക രാഷ്ട്രങ്ങള്‍ക്കും കനത്ത നിക്ഷേപമുണ്ട്. ഡോളറിന്റെ മൂല്യം കുറയുമെന്ന് പ്രതീക്ഷയുള്ള സാഹചര്യങ്ങളില്‍ ഡോളറധിഷ്ഠിത ധനകാര്യ സെക്യൂരിറ്റികളില്‍ നിന്ന് കുറേ പണം സ്വര്‍ണ നിക്ഷേപത്തിലേക്ക് മാറുന്നു. അങ്ങനെ ഡോളറിന്റെ മൂല്യശോഷണം സ്വര്‍ണവില വര്‍ധിപ്പിക്കുന്നു. സ്വര്‍ണത്തിന്റെ അന്തര്‍ദേശീയ വില മാറ്റമില്ലാതെ നില്‍ക്കുമ്പോഴും ഒരു രാജ്യത്തിനകത്ത് വിനിമയനിരക്കിലുണ്ടാകുന്ന വ്യത്യാസംകാരണം സ്വര്‍ണവിലയില്‍ വ്യതിയാനമുണ്ടാകാം. ഉദാഹരണത്തിന് രൂപയുടെ വിനിമയമൂല്യം കുറഞ്ഞാല്‍ ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നതുകൊണ്ട് സ്വര്‍ണത്തിന്റെ ആഭ്യന്തരവില വര്‍ധിക്കും.

വിലക്കയറ്റം, ക്രൂഡ് ഓയില്‍ വില തുടങ്ങിയ ഘടകങ്ങളുമായി സ്വര്‍ണവിലയ്ക്കുള്ള നേരിട്ടുള്ളബന്ധംസാധാരണ സാഹചര്യങ്ങളിലെ പ്രതിഭാസമാണ്. രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെയും വലിയ അനിശ്ചിതത്വങ്ങളുടെയും ഈകാലത്ത് പഴയ സാമ്പത്തിക സമവാക്യങ്ങള്‍ അപ്രസക്തമാവുകയും പുതിയവ രൂപപ്പെടുകയും ചെയ്യുന്നു. 2009 ലെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ ക്രൂഡ് ഓയില്‍ വിലയില്‍ തകര്‍ച്ചയുണ്ടായപ്പോള്‍ സ്വര്‍ണവില ഉയരുകയാണുണ്ടായത്. അതുപോലെ പണച്ചുരുക്കമുണ്ടായപ്പോഴും സ്വര്‍ണവില കൂടി. സാധാരണ സാഹചര്യങ്ങളില്‍ പ്രസക്തമായ സാമ്പത്തികസമവാക്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവണതകള്‍ അസാധാരണ സാഹചര്യങ്ങളില്‍ ഉണ്ടാകുന്നു. ഇത് അല്പം വിശദീകരിക്കാം.

ഇലക്‌ട്രോണിക് വ്യാപാരത്തിന്റെയും ഇലക്‌ട്രോണിക് അക്കൗണ്ടുകളുടെയും (Demat Accounts) ഇക്കാലത്ത് വെള്ളിയും ചെമ്പും നാകവും ക്രൂഡ് ഓയിലും മറ്റും വെറും ഉത്പന്നങ്ങള്‍ മാത്രമല്ല, നിക്ഷേപം നടത്താവുന്ന ആസ്തികള്‍ കൂടിയാണ്. ഇവയെല്ലാം തന്നെ ഭൗതികരൂപത്തില്‍ വാങ്ങി സൂക്ഷിക്കേണ്ടതില്ല. ഡീമാറ്റ് അക്കൗണ്ടുകളില്‍ സൂക്ഷിക്കാവുന്നതാണ്.

ഉദാഹരണത്തിന് ബെഞ്ച് മാര്‍ക്ക് മ്യൂച്വല്‍ഫണ്ടിന്റെ 'ഗോള്‍ഡ് ബീസ്' ന്റെ ഒരു യൂണിറ്റ് ഇപ്പോള്‍ ഉദ്ദേശം 1600 രൂപയ്ക്ക് വാങ്ങാം. സ്വര്‍ണവിലയിലുണ്ടാകുന്ന വ്യതിയാനം ക്രമാനുസൃതമായി ഇതിന്റെ വിലയിലും പ്രതിഫലിക്കും.

ഗോള്‍ഡ് ബീസിന്റെ യൂണിറ്റുകള്‍ ഓഹരിവിപണിയിലൂടെ അനായാസം വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ഇതുപോലെ ഓഹരിവിപണിയിലൂടെ വ്യാപാരംചെയ്യാവുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ ഈയിടെയായി വ്യാപകമായിട്ടുണ്ട്. ഇവയുടെ ജനപ്രീതി വര്‍ധിച്ചതോടെ ഇവയിലേക്കുള്ള പണമൊഴുക്ക് വര്‍ധിക്കുകയും ഈ ഫണ്ടുകള്‍ ധാരാളം സ്വര്‍ണംവാങ്ങാന്‍ തുടങ്ങുകയും ചെയ്തു. നിക്ഷേപകരുടെ നിക്ഷേപം ഇലക്‌ട്രോണിക് രൂപത്തിലാണെങ്കിലും ഫണ്ടുകള്‍ നിക്ഷേപത്തുക സ്വര്‍ണമായിത്തന്നെ സൂക്ഷിക്കുന്നു. ലോകവ്യാപകമായി ഇത്തരം ഫണ്ടുകള്‍ ധാരാളം സ്വര്‍ണനിക്ഷേപം നടത്തിയിട്ടുണ്ട്.

ലോഹങ്ങളിലും മറ്റ് ഉത്പന്നങ്ങളിലും വന്‍തോതില്‍ നിക്ഷേപം നടക്കുന്നതെന്തകൊണ്ട്?

പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്ന്: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിമൂലം ഡോളറിന്റെ മൂല്യം കുറേക്കാലത്തേക്ക് കുറയാനാണിട എന്നതാണ് പൊതുവേയുള്ള വിശകലനം. അമേരിക്ക മാന്ദ്യത്തില്‍ നിന്ന് കരകയറിയാലും അവരുടെ ഭീമമായ കടവും വമ്പിച്ച വ്യാപാരക്കമ്മിയും ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മിയും ഡോളറിന്റെ മൂല്യം താഴ്ത്തിനിര്‍ത്തും എന്ന് മിക്ക സാമ്പത്തിക വിദഗ്ധരും കരുതുന്നു. എന്നിരുന്നാലും സമീപഭാവിയില്‍ ഡോളര്‍തന്നെ അന്തര്‍ദ്ദേശീയ റിസര്‍വ് കറന്‍സിയായി തുടരും. തത്കാലം ഡോളറിന് പകരംവെക്കാന്‍ മറ്റൊന്നില്ല.

ഈ സാഹചര്യത്തില്‍ ഡോളറിലുള്ള നിക്ഷേപം ബുദ്ധിപരമാവില്ല എന്ന തോന്നലാണ് നിക്ഷേപകരെ (ഇതില്‍ രാഷ്ട്രങ്ങളും പെടും) മറ്റ് ആസ്തികളിലേക്ക് ആകര്‍ഷിക്കുന്നത്. ഈയിടെ ഇന്ത്യ 32,000 കോടിരൂപയ്ക്ക് 200 ടണ്‍ സ്വര്‍ണം വാങ്ങിയതോര്‍ക്കുക. ചൈന അവരുടെ വന്‍വിദേശനാണ്യശേഖരത്തില്‍ കൂടുതലുണ്ടാകുന്ന പണം അമേരിക്കന്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ മടികാണിക്കുന്നു. സര്‍ക്കാറുകളേക്കാള്‍ ബുദ്ധിപൂര്‍വമായും കാലതാമസമില്ലാതെയും നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും നേരത്തേതന്നെ ഡോളറിന് പകരമായി മറ്റ് ആസ്തികളില്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഡോളറിന്റെ മൂല്യശോഷണം മുന്‍കൂട്ടിക്കണ്ട് നിക്ഷേപകര്‍ മറ്റ് ആസ്തികളിലേക്ക് നീങ്ങിയതാണ് ആസ്തി വിലക്കയറ്റത്തിന്റെ ഒരു പ്രധാനകാരണം.

ഒരുപക്ഷേ, ഇതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരുഘടകം 2009 ലുണ്ടായ കറന്‍സി പെരുപ്പമാണ്. ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ മുപ്പതുകളിലേതുപോലുള്ള ഒരു വന്‍തകര്‍ച്ച ഒഴിവാക്കാനായി ലോകവ്യാപകമായി കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ നോട്ടടിച്ചിറക്കി. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഇത്രയും വ്യാപകമായി നോട്ടടി ഉണ്ടായിട്ടില്ല. പലിശ വെട്ടിക്കുറച്ചും ഉദാരമായി വന്‍തോതില്‍ വായ്പ ലഭ്യമാക്കിയുമാണ് കേന്ദ്രബാങ്കുകള്‍ ഈമാന്ദ്യവിരുദ്ധ പണനയം നടപ്പാക്കിയത്. കൂടാതെ, സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പൊതുചെലവ് പരിപാടികളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മൊത്തം ഡിമാന്‍ഡ് വര്‍ധിപ്പിക്കാനും വന്‍തോതില്‍ പണം ചെലവഴിച്ചു. ലോകവ്യാപകമായി പണനയവും ഫിസ്‌ക്കല്‍ നയവും ഇത്രയും ശക്തമായി ചരിത്രത്തിലൊരിക്കലും നടപ്പാക്കിയിട്ടില്ല. മുപ്പതുകളിലെ സാമ്പത്തികതകര്‍ച്ച ഏറ്റവും രൂക്ഷമായ 1932 ല്‍ അമേരിക്കയുടെ ഫിസ്‌ക്കല്‍ കമ്മി 5.7 ശതമാനമായിരുന്നു; ഇപ്പോഴത് 12 ശതമാനമാണ്.

ഇങ്ങനെ വന്‍തോതില്‍ പണപ്പെരുപ്പമുണ്ടാകുമ്പോള്‍ ഈ പണം പലപ്പോഴും ഉദ്ദേശിച്ച മേഖലകളിലേക്ക് പോകണമെന്നില്ല. യഥാര്‍ഥ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലാകുമ്പോള്‍ മൂലധനം സ്വീകരിക്കാനുള്ള അതിന്റെ കഴിവ് കുറയും. ഈസാഹചര്യത്തില്‍ അധിക പണം ധനകാര്യമേഖലയിലേക്കും മറ്റ് ആസ്തികളിലേക്കും പോകുന്നു. ഈ ദ്രവത്വത്തിന്റെ തള്ളിച്ചയാണ് (Liquidity Pressure) ആസ്തിവിലക്കയറ്റത്തിന്റെ ഒരുപ്രധാനകാരണം . ''കൂടുതല്‍പണം കുറച്ച് സാധനങ്ങള്‍ക്ക് പിന്നാലെ പായുമ്പോഴുണ്ടാകുന്നതാണ് വിലക്കയറ്റം.'' എന്ന പ്രസിദ്ധമായ വചനം ഇവിടെ ഏറെ പ്രസക്തമാകുന്നു.

ഈ വിശകലനം ശരിയായി മനസ്സിലാകണമെങ്കില്‍ dollar carry trade എന്ന പ്രതിഭാസം കൂടി അറിയേണ്ടതുണ്ട്. ലളിതമായിപ്പറഞ്ഞാല്‍ ഡോളറില്‍ കടം വാങ്ങി മറ്റ് ആസ്തികളില്‍ (മറ്റുരാജ്യങ്ങളിലും) നിക്ഷേപിക്കുന്ന തന്ത്രമാണ് 'ഡോളര്‍ ക്യാരി ട്രേഡ്'. അമേരിക്കയില്‍ ഇപ്പോള്‍ കുറഞ്ഞ പലിശയ്ക്ക് പണം കടം കിട്ടും. കുറഞ്ഞ പലിശയും ഡോളറിന്റെ മൂല്യം ഭാവിയില്‍ കുറയും എന്ന പ്രതീക്ഷയും കടംവാങ്ങല്‍ ആകര്‍ഷകമാക്കുന്നു. ഇങ്ങനെ കടംവാങ്ങുന്നവര്‍ ഈ പണം മൂല്യം വര്‍ധിക്കാന്‍ സാധ്യതയുള്ള മറ്റ് ആസ്തികളില്‍ നിക്ഷേപിക്കുന്നു. ഇവിടെ വിനിമയനിരക്കും ഭാവിയിലെ കറന്‍സിമൂല്യത്തെ സംബന്ധിച്ച പ്രതീക്ഷകളും ഏറെപ്രധാനമാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാം. അമേരിക്കയിലെ ഒരു ഫണ്ട് അവിടെനിന്ന് ഒരുഡോളര്‍ കടം വാങ്ങുന്നു എന്ന് സങ്കല്പിക്കുക. ഈ ഡോളര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് 47 രൂപയായിമാറ്റുകയും 47 രൂപ വിലയുള്ള ഒരു ഓഹരി വാങ്ങുകയും ചെയ്യുന്നു. മൂന്നുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡോളറിന്റെ മൂല്യംകുറഞ്ഞ് വിനിമയ നിരക്ക് 43 രൂപയായി എന്നിരിക്കട്ടെ. അപ്പോള്‍, വാങ്ങിയ ഓഹരിയുടെ വില വര്‍ധിച്ചില്ലെങ്കിലും ഫണ്ടിന് ലാഭമാണ്.

47 രൂപയ്ക്ക് തന്നെ ഓഹരി വിറ്റാല്‍ (ബ്രോക്കറേജ് കണക്കിലെടുക്കുന്നില്ല) 43 രൂപയ്ക്ക് ഡോളര്‍വാങ്ങി തിരിച്ചുകൊണ്ടുപോകുമ്പോള്‍ ഫണ്ടിന് നാലു രൂപയോളം ലാഭം ലഭിക്കുന്നു. ഡോളറിന്റെ മൂല്യത്തെ സംബന്ധിച്ച പ്രതീക്ഷകളും നന്നെ കുറഞ്ഞ പലിശനിരക്കുമാണ് ഈ ഡോളര്‍ ക്യാരി ട്രേഡിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2007ല്‍ ഇതുപോലെ യെന്‍ ക്യാരി ട്രേഡ് വ്യാപകമായിരുന്നു.

ഡോളര്‍ ക്യാരി ട്രേഡില്‍ വലിയ റിസ്‌ക് ഉണ്ട്. പ്രതീക്ഷിച്ചതിന് വിപരീതമായി ഡോളറിന്റെ മൂല്യം വര്‍ധിച്ചാല്‍ വിപരീതഫലങ്ങളാണുണ്ടാവുക. ഡിസംബര്‍ ആദ്യവാരത്തില്‍ അപ്രതീക്ഷിതമായി ഡോളര്‍ ശക്തിപ്രാപിച്ചപ്പോള്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞത് ശ്രദ്ധിക്കുക. ഡോളറിന്റെ ആപേക്ഷികമൂല്യം സൂചിപ്പിക്കുന്ന doller index 74ല്‍ നിന്ന് 78 ആയി ഉയര്‍ന്നപ്പോള്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1227 ഡോളറില്‍ നിന്ന് 1100 ഡോളറായി കുറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ 10 ശതമാനം വിലക്കുറവ്. ഡോളറിന്റെ മൂല്യം വര്‍ധിക്കുമെന്ന ഭയംകാരണം ക്യാരിട്രേഡ് തിരിച്ച് ഡോളറിലേക്കാക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്.

2010ല്‍ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്ന സാമ്പത്തിക ഘടകങ്ങള്‍ പലിശനിരക്കുകളും വിനിമയ നിരക്കുകളുംഅമേരിക്കയിലെ സാമ്പത്തിക വളര്‍ച്ചാനിരക്കുമായിരിക്കും. ലോകസമ്പദ്‌വ്യവസ്ഥ മാന്ദ്യത്തില്‍ നിന്ന് കരകയറിത്തുടങ്ങിയിരിക്കുന്നു. അമേരിക്കയില്‍ 2010ല്‍ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയ്ക്കുള്ള സാഹചര്യമില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 10 ശതമാനത്തിലധികം തൊഴിലില്ലായ്മയും 12 ശതമാനം ഫിസ്‌ക്കല്‍ കമ്മിയും വലിയ കടബാധ്യതയും ഉള്ള സാഹചര്യത്തില്‍ വളര്‍ച്ചയുടെ തിരിച്ചുവരവ് പതുക്കെയാവാനേ തരമുള്ളൂ;

പക്ഷേ, സമ്പദ്‌വ്യവസ്ഥയില്‍ പലപ്പോഴും പ്രതീക്ഷിച്ചത് സംഭവിക്കാറില്ല; അപ്രതീക്ഷിതമായത് സംഭവിക്കാറുമുണ്ട്. അമേരിക്കയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുണ്ടായാല്‍ വിലക്കയറ്റം അനിവാര്യമാകും. അതുതടയാന്‍ കേന്ദ്രബാങ്കിന് പലിശനിരക്ക് വര്‍ധിപ്പിക്കേണ്ടിവരും. ഉയര്‍ന്നപലിശ നിരക്ക് അമേരിക്കയിലേക്കുള്ള മൂലധനമൊഴുക്ക് വര്‍ധിപ്പിക്കുകയും തല്‍ഫലമായി ഡോളറിന്റെ മൂല്യം വര്‍ധിക്കുകയും ചെയ്യും. ഈസാഹചര്യത്തില്‍ ക്യാരി ട്രേഡ് വിപരീതദിശയിലാവാന്‍ സാധ്യതയുണ്ട്.

വന്‍തോതില്‍ ക്യാരിട്രേഡ് റിവേഴ്‌സ് ചെയ്യപ്പെട്ടാല്‍ ആസ്തിവിപണികളില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകാം. സ്വര്‍ണ വിപണിയില്‍ വില്പന സമ്മര്‍ദമുണ്ടാകാം. അതുകൊണ്ട് ല്ക്കസ്വകാലയളവില്‍ സ്വര്‍ണവിലയില്‍ ഇനിയും താഴ്ചയുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ദീര്‍ഘകാലയളവില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത. മറ്റ് ലോഹങ്ങളില്‍ നിന്ന് ഭിന്നമായി സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ലഭ്യതയേക്കാള്‍ കൂടുതലാണ്. ഉരുക്കും ചെമ്പും ഉത്പാദിപ്പിക്കുന്ന പോലെ സ്വര്‍ണം ഉത്പാദിപ്പിക്കാനാവില്ലല്ലോ. കൂടാതെ,സ്വര്‍ണത്തിന്റെ പ്രധാനആവശ്യക്കാരായ ഇന്ത്യയും ചൈനയും സാമ്പത്തികവന്‍ശക്തികളായി മാറുന്ന സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലെ വര്‍ധിച്ചുവരുന്ന വരുമാനവും വലിയ വിഭാഗം ജനങ്ങളുടെ ഉയര്‍ന്ന ക്രയശേഷിയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡും ലഭ്യതയും തമ്മിലുള്ള അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കുകയേയുള്ളൂ.

Create a free account or login to participate in this discussion